തിരുവനന്തപുരം: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളിതാരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ, ടീമിൽ ഇടംപിടിക്കാൻ സഞ്ജുവിന് ഇനിയും അവസരമെന്ന് സൂചന. ടീമിന്റെ ബാറ്റർമാർക്കോ വിക്കറ്റ് കീപ്പർക്കോ പരിക്കേറ്റാൽ സ്റ്റാൻഡ്ബൈയായി ആദ്യം പരിഗണിക്കുക സഞ്ജുവിനെയായിരിക്കും. ടീമിലിടം കിട്ടിയില്ലെങ്കിലും സഞ്ജുവിനെ ബി.സി.സി.ഐ. പൂർണമായും തഴഞ്ഞിട്ടില്ല. സഞ്ജുവിനെ ടീമിലെടുക്കാൻ പരിശീലകൻ ഗൗതം ഗംഭീറിനും താത്പര്യമുണ്ട്. ഗൗതം ഗംഭീർ സെലക്ഷൻ കമ്മറ്റിയിൽ ഇക്കാര്യത്തിനായി വാദിച്ചിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ, ക്യാപ്റ്റൻ രോഹിത് ശർമയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും കൂടുതൽ പരിചയസമ്പത്തുള്ള ഋഷഭ് പന്തിന്റെ പേരാണ് മുന്നോട്ടുവെച്ചതെന്നറിയുന്നു. സെലക്ഷൻ കമ്മിറ്റിയിലും സഞ്ജുവിനായി പലരും മുന്നോട്ടുവന്നത് ഭാവിയിൽ ഇന്ത്യൻ ഏകദിന ടീമിന്റെ ഭാഗമാകാൻ താരത്തിന് അവസരമുണ്ടെന്നതിന്റെ സൂചനയാണ്.
ട്വന്റി 20 സ്പെഷ്യലിസ്റ്റായാണ് കുറച്ചുകാലമായി സഞ്ജു ഇന്ത്യൻ ടീമിലേക്കെത്തുന്നത്. കഴിഞ്ഞവർഷം ട്വന്റി-20 യിലെ 12 ഇന്നിങ്സിൽ മൂന്ന് സെഞ്ചുറിയടക്കം 436 റൺസ് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരേ 22-ന് തുടങ്ങുന്ന ട്വന്റി 20 പരമ്പരയിൽ തിളങ്ങിയാൽ ഏകദിന ടീമിലേക്കും പരിഗണിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം എല്ലാ ഫോർമാറ്റിലും കളിക്കാൻ തയ്യാറാകണമെന്ന് സഞ്ജുവിനോട് ബി.സി.സി.ഐ. നിർദേശിച്ചിരുന്നു.