കൊച്ചി: മലയാളികളുടെ സംരഭമായ എയർ കേരള ജൂണിൽ വിമാന സർവീസ് ആരംഭിക്കും. ആഭ്യന്തര സർവീസുകളാണ് തുടക്കത്തിൽ നടത്തുക. കൊച്ചിയിൽനിന്നായിരിക്കും ആദ്യ സർവീസ്. കൊച്ചി വിമാനത്താവളമാണ് എയർ കേരളയുടെ ഹബ്ബ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് എയർ കേരള സർവീസിലേക്കടുക്കുന്നത്.
76 സീറ്റുകളുള്ള വിമാനമായിരിക്കും എയർ കേരളയുടെ ഭാഗമായി സർവീസ് നടത്തുക. പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടാകും. വിമാനങ്ങൾ ലഭ്യമാക്കാൻ ഐറിഷ് കമ്പനിയുമായി കരാർ ഒപ്പുവെച്ചു. രണ്ടുവർഷത്തിനുള്ളിൽ 20 വിമാനങ്ങൾ സ്വന്തമാക്കുകയാണ് എയർ കേരളയുടെ ലക്ഷ്യം.
എയർ കേരളയുടെ സർവീസിനെക്കുറിച്ച് വിശദീകരിക്കാൻ എയർ കേരള സാരഥികൾ കഴിഞ്ഞദിവസം വാർത്താ സമ്മേളനം വിളിച്ചിരുന്നു. വിമാനങ്ങൾ ലഭിക്കാനല്ല, പൈലറ്റുമാർക്കാണ് ദൗർലഭ്യമെന്ന് എയർ കേരള സാരഥികൾ പറഞ്ഞു. 20 വിമാനങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര സര്‍വീസ് തുടങ്ങാനാണ് എയര്‍ കേരള ലക്ഷ്യമിടുന്നത്
ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്കുകൂടി വിമാന സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം.കൂടുതല്‍ ആളുകളെ വിമാനയാത്ര ചെയ്യാന്‍ പ്രേരിപ്പിക്കും വിധത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എയര്‍ കേരള സര്‍വീസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു.
പ്രവാസി മലയാളികളുടെ സംരംഭമാണ് എയർ കേരള വിമാന കമ്പനി. രാജ്യത്തെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ച് ആഭ്യന്തര സർവീസുകളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. 2027ൽ രാജ്യാന്തര സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസുമാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. സ്വന്തമായി വിമാനങ്ങൾ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്.



