കൊച്ചി: നിലമ്പൂരിൽ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കുമെന്ന് പി വി അൻവർ. ഷൗക്കത്ത് മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. അദ്ദേഹത്തെ കുറിച്ച് നേരത്തെ പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടുകൂടിയാണെന്നും അൻവർ വ്യക്തമാക്കി.

എൽഡിഎഫിന്റെ ഒരു സീറ്റ് യുഡിഎഫ് പിടിച്ചെടുക്കാൻ പോകുന്ന രാഷ്ട്രീയമാണ് ഇവിടെ വരാൻ പോകുന്നത്. അതിന് പ്രാധാന്യമുണ്ട്. ഷൗക്കത്ത് ആണ് മത്സരിക്കുന്നതെങ്കിൽ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും. പക്ഷേ അദ്ദേഹം ജയിക്കുമെന്നോ 40,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നെോ പറയാനാകില്ല, എനിക്ക് പ്രവർത്തിക്കാനെ സാധിക്കൂ എന്നും പി വി അൻവർ പറഞ്ഞു.

ഷൗക്കത്തിനെ കുറിച്ച് മുമ്പ് പറഞ്ഞത് നല്ല ഉദ്ദേശത്തോടുകൂടിയാണ്. രാഷട്രീയത്തേക്കാൾ അദ്ദേഹത്തിന്റെ കഴിവ് താൻ കണ്ടിട്ടുളളത് കലയിലാണ്. സാംസ്കാരിക മേഖലയ്ക്ക് അങ്ങനെയൊരാളെ നഷ്ടപ്പെടാതിരിക്കാനും ആര്യാടൻ ഷൗക്കത്തിനോടുളള ഇഷ്ടം കൊണ്ടുമാണ് ഇത് പറഞ്ഞതെന്നും പി വി അൻവർ വ്യക്തമാക്കി.