നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാടുനിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.

 ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പോലീസിന് കൈമാറിയിരുന്നു. അശ്ലീല കമൻ്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. 

ബോബി ചെമ്മണൂർ തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തിയെന്നാരോപിച്ച് പരാതി നൽകിയശേഷം നടി തന്നെയാണ് ഇത് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ‘‘താങ്കളുടെതന്നെ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരേയുള്ള പരാതികൾ പുറകെയുണ്ടാകും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ. ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’’ -അവർ സാമൂഹികമാധ്യമത്തിൽ കുറിച്ചു.