ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ സർക്കാരിനെ തിരുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയത്.
വിഷയം ശ്രദ്ധയിൽ പെട്ടതോടെ ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവർണർ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി. ഗവർണറുടെ ആവശ്യം അദ്ദേഹം അപ്പോൾത്തന്നെ അംഗീകരിച്ചു.
ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സർക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാൻ നീക്കം നടത്തിയെന്നാണ് ആക്ഷേപം. ചുമതലയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ തന്നെയാണ് പരാതി ഗവർണറുടെ അടുത്ത് എത്തിച്ചതെന്നാണ് വിവരം



