2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിൻ്റെ പണം ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ നിലപാട് മര്യാദകേടെന്ന് റവന്യൂ മന്ത്രി കെ രാജൻ. രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്നും മന്ത്രി പഞ്ഞു. തിരിച്ചടയ്ക്കണമെന്ന് വീണ്ടും സമ്മര്‍ദം ചെലുത്തിയാൽ എസ്‌ഡിആർഎഫിൽനിന്ന് തുക നൽകേണ്ടതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ദുരന്തമുഖത്തെ എയര്‍ ലിഫ്റ്റിംഗിന് 132.62 കോടിയാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുള്ളത്. തുക ഒഴിവാക്കി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. ദുരന്ത മുഖത്ത് കേന്ദ്രം നൽകുന്ന സേവനങ്ങള്‍ക്കും കേന്ദ്ര ഏജന്‍സികളുടെ സേവനങ്ങള്‍ക്കും കേന്ദ്രം തന്നെ തുക എടുക്കുന്നതാണ് നല്ലത്. അതല്ലാതെ സംസ്ഥാന എസ്‍ഡിആര്‍എഫിൽ നിന്ന് എടുത്ത് കേന്ദ്രത്തിന് നൽകാൻ പറയുന്നത് പ്രയോഗികമായി ശരിയായ നടപടിയല്ല. അതാത് സംസ്ഥാനങ്ങളാണ് തുക വഹിക്കേണ്ടതെങ്കിലും അതിനു തുല്യമായ തുക കേന്ദ്രം നൽകേണ്ടതാണ്.” മന്ത്രി കെ. രാജൻ പറഞ്ഞു.