കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് കാറിടിച്ച്  മരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർക്കെതിരെയാണ് നടപടി. ആൽവിനെ ഇടിച്ച ബെൻസ് കാറിന്‍റെ ആർസിയും റദാക്കും.

രണ്ടു പേർക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് തന്നെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ആൽവിനെ ഇടിച്ച ബെൻസ് കാറിന് ടാക്സും അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇൻഷുറൻസ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിന്‍റെ രേഖകൾ ഹാജരാക്കാൻ സാബിതിന് നിർദേശം നൽകി. 

ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.