സോണിയ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി രം​ഗത്ത്. സോണിയ ഗാന്ധിക്ക് ജോര്‍ജോ സോറോസ് ഫൗണ്ടേഷന്‍ ഫണ്ട് നല്‍കുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.  ഫോറം ഓഫ് ദി ഡെമോക്രാറ്റിക് ലീഡേഴ്‌സ് എഷ്യാ പസഫിക് (എഫ്ഡിഎല്‍-എപി) ഫൗണ്ടേഷൻ്റെ കോ-പ്രസിഡൻ്റാണ് സോണിയ ഗാന്ധി.

ജോര്‍ജ് സോറോസും സോണിയ ഗാന്ധിയുമായുള്ള ബന്ധത്തിലൂടെ വ്യക്തമാകുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള വിദേശശക്തികളുടെ ഇടപെടലാണെന്നും ബിജെപി ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് പത്ത് ചോദ്യങ്ങള്‍ ചോദിക്കാനാണ് തീരുമാനിക്കുന്നതെന്നും ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു.  എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ബിജെപിയുടെ പരാമര്‍ശം. കശ്മീർ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആശയത്തിന്റെ പിന്തുണക്കാരാണ് ജോര്‍ജ് സോറോസ് ഫൗണ്ടേഷന്‍ എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

 മാധ്യമ പോര്‍ട്ടലായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ടും (ഒസിആര്‍പി) ഹംഗേറിയന്‍-അമേരിക്കന്‍ വ്യവസായിയും പ്രതിപക്ഷവുമായി ഒത്തുകളിച്ച് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാനും മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്.