ദുബായ്: യുഎഇയില്‍ കുടുംബത്തിനായി പുതിയ മന്ത്രാലയം രൂപീകരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഞായറാഴ്ച പ്രഖ്യാപിച്ചു. പുതിയ വകുപ്പിന്‍റെ മന്ത്രിയായി സനാ സുഹൈലിനെ തിരഞ്ഞെടുത്തു. ‘കുടുംബം ഒരു ദേശീയ മുന്‍ഗണനയാണ്, പുരോഗതിയുടെ ആണിക്കല്ലും രാജ്യത്തിന്‍റെ ഭാവിയുടെ ഉറപ്പുമാണ്’ അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സനാ സുഹൈല്‍, കുട്ടികള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിവിധ വിഭഗങ്ങളുടെ ശാക്തീകരണത്തിനായി സജീവമായി രംഗത്തുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനും അവയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും അവര്‍ക്കിടയിലെ ഐക്യവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള സമഗ്രമായ ദേശീയ പരിപാടികളുടെ ഭാഗമായി യുഎഇ പ്രസിഡന്‍റ് ശെയ്ഖ് മുഹമ്മദ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രാലയത്തിന് രൂപം നല്‍കിയിരിക്കുന്നത്.