കണ്ണൂർ പിണറായിയിൽ കോൺ​ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽകര സ്വദേശി വിപിൻരാജാണ് പിടിയിലായത്. ഇയാൾ സി.പി.എം അനുഭാവിയാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് വിപിൻരാജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്. 

ഒന്നിലധികം പേർക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ആദർശ് എന്നയാൾക്കും ആക്രമണത്തിൽ പങ്കുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.  ഇവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്.

ശനിയാഴ്ച പുലർച്ചെയാണ് വെണ്ടുട്ടായിയിൽ പുതുതായി നിർമിച്ച കോൺ​ഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത നിലയിലായിരുന്നു. വാതിൽ തീ വെച്ച് നശിപ്പിക്കാനും ശ്രമമുണ്ടായി. ജനൽ ചില്ലുകളും തകർത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു. കെട്ടിടം ഞായറാഴ്ച വൈകീട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കേയായിരുന്നു ആക്രമണം നടന്നത്. 
ഉദ്ഘാടനത്തിനായെത്തിച്ച വാടക സാമ​ഗ്രികൾ കനാലിൽ തള്ളുകയും ചെയ്യുകയായിരുന്നു.