ദുബൈ: അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം ചൂടി ബംഗ്ലാദേശ്. ഫൈനലിൽ ഇന്ത്യയെ 59 റൺസിനാണ് ബംഗ്ലാദേശ് തോൽപിച്ചത്. 198 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 32.2 ഓവറിൽ 139 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഒൻപതാം കിരീടമെന്ന നേട്ടമാണ് അലക്ഷ്യമായ ബാറ്റിങ്ങിലൂടെ ഇന്ത്യക്ക് നഷ്ടമായത്. അതേസമയം, ബംഗ്ലാദേശിനിത് തുടർച്ചയായ രണ്ടാം ഏഷ്യാ കപ്പ് കിരീടമാണ്.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിന് വിടുകയായിരുന്നു. ബൗളർമാരുടെ കരുത്തിൽ ബംഗ്ലാദേശിനെ 49.2 ഓവറിൽ 198 റൺസിന് ഇന്ത്യ ഒതുക്കിയെങ്കിലും അതേ നാണയത്തിൽ എതിരാളികൾ തിരിച്ചടിച്ചു. ഓപ്പണർമാരായ ആയുഷ് മാത്രെ(1), വൈഭവ് സൂര്യവംശി(9) എന്നിവരെ തുടക്കത്തിലേ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് 20 റൺസെടുത്ത ആന്ദ്രേ സിദ്ധാർഥും മടങ്ങി. കൂട്ടത്തകർച്ചയ്ക്കിടയിലും ഒരറ്റത്തു പൊരുതിയ ക്യാപ്റ്റൻ മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 26 റൺസാണ് അമാൻ നേടിയത്.
റിസാൻ ഹൊസ്സൻ (47), മുഹമ്മദ് ഷിഹാബ് (40), ഫൈസൽ ഹസൻ (39) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് ബംഗ്ലാദേശിനെ എത്തിച്ചത്. യുതാജിത് ഗുഹ, ചേതൻ ശർമ, ഹാർദിക് രാജ് എന്നിവർ ബംഗ്ലാദേശിന്റെ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
പ്രാഥമിക റൗണ്ടിൽ ആദ്യകളിയിൽ പാകിസ്താനെതിരേ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള മൂന്ന് മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. സെമിയിൽ ശ്രിലങ്കക്കെതിരേ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമായിരുന്നു ടീം ഇന്ത്യ സ്വന്തമാക്കിയത്. ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്ഥാനും നേപ്പാളിനും എതിരേ വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ്, സെമിയിൽ പാകിസ്താനെ തകർത്താണ് ഫൈനലിൽ കടന്നത്. മുഹമ്മദ് അൽ ഫഹദ്, ഇഖ്ബാൽ ഹൊസൈൻ എന്നിവർ ഉൾപ്പെടുന്ന ബൗളിങ് നിരയുടെ കരുത്തിലാണ് ബംഗ്ലാദേശ് ടൂർണമെന്റിലുടനീളം കുതിച്ചത്. നാല് മത്സരങ്ങളിൽനിന്ന് ഇരുവരും ചേർന്ന് 10 വിക്കറ്റുകൾ വീതമാണ് എടുത്തത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതടക്കം മൂന്ന് തോൽവികളാണ് ഇന്ത്യ ഇന്ന് ഏറ്റുവാങ്ങിയത്. ബ്രിസ്ബേനിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഓസീസ് വനിതകൾ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ തറപറ്റിച്ചിരുന്നു. ഇന്ത്യക്കെതിരേ 122 റൺസിന്റെ തകർപ്പൻ ജയവുമായി ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തു. കൂടാതെ, അഡ്ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യൻ പുരുഷടീമിനെയും പത്ത് വിക്കറ്റിന് ഓസ്ട്രേലിയ തോൽപിച്ച് പരമ്പരയിൽ ഒപ്പമെത്തി.



