ശബരിമല: ശബരിമലയിൽ തീർഥാടകർക്ക് ദാഹവും ക്ഷീണവുമകറ്റാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിവരുന്ന ചുക്കുവെള്ള വിതരണം ഇനിമുതൽ പൈപ്പിലൂടെ. പതിനെട്ടാംപടി മുതൽ ശബരീപീഠം വരെ ചുക്കുവെള്ളം പൈപ്പിലൂടെ ലഭ്യമാകും. ഇതിനായി ശബരീപീഠം വരെ ദേവസ്വം ബോർഡ് പൈപ്പ് ലൈൻ സ്ഥാപിച്ചു. ശരംകുത്തിയിലെ ബോയിലർ പ്ലാൻ്റിൽനിന്ന് നേരിട്ടാണ് തീർഥാടനപാതയിൽ പൈപ്പിലൂടെ ചുക്കുവെള്ളം എത്തിക്കുന്നത്.

പാചകവാതകം ഉപയോഗപ്പെടുത്തിയായിരുന്നു ഈ പ്രദേശങ്ങളിൽ നേരത്തെ ചുക്കുവെള്ളം നൽകിയിരുന്നത്. ചുക്കുവെള്ളം പൈപ്പിൽ നൽകുന്നതോടെ പാചകവാതക ചെലവും ജീവനക്കാരുടെ അധിക സേവനവും ലാഭിക്കാനാകും. ഉരക്കുഴി മുതൽ നീലിമല വരെ 73 കേന്ദ്രങ്ങളിലാണ് ചുക്കുവെള്ളം നൽകിവരുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്താണ് വെള്ളം തയ്യാറാക്കുന്നത്.

ശബരിമല ഓവർസിയർമാരായ ജി ഗോപകുമാർ, രമേഷ് കൃഷ്ണൻ, സ്പെഷ്യൽ ഓഫീസർ ജിപി പ്രവീൺ, എഎസ്ഒ ഗോപകുമാർ ജി നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൈപ്പ് ലൈൻ സ്ഥാപിച്ചത്. ചുക്കുവെള്ള വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു.