ഗൗതം അദാനിയുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ പാർലമെൻ്റ് ഇന്നും സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ രണ്ട് മണി വരെ നിർത്തിവെച്ചു. പാർലമെൻ്റ് സമുച്ചയത്തിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം സംഘടിപ്പിച്ചു. പ്രത്യേക മുദ്യാവാക്യം പ്രിൻ്റ് ചെയ്ത ടി ഷർട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി ഇന്ന് പാർലമെൻ്റിലെത്തിയത്. വയനാട് എംപി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മറ്റ് എംപിമാർ ‘മോദി അദാനി ഏക് ഹേ, അദാനി സേഫ് ഹേ’ എന്നെഴുതിയ ജാക്കറ്റുകളാണ് ധരിച്ചിരുന്നത്..
“പ്രധാനമന്ത്രി മോദിക്ക് അദാനിക്കെതിരെ അന്വേഷണം നടത്താൻ കഴിയില്ല, കാരണം അങ്ങനെ ചെയ്താൽ അദ്ദേഹം തന്നെ അന്വേഷിക്കപ്പെടും… മോദി ഔർ അദാനി ഏക് ഹേ.” പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിയെ സംരക്ഷിക്കുകയാണെന്ന തൻ്റെ അവകാശവാദം ആവർത്തിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയുണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിൻ്റെ ഇടപാടുകളെക്കുറിച്ച് സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് കോൺഗ്രസും മറ്റ് ചില പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.



