നാല് സംസ്ഥാനങ്ങളിലായി 25 ദിവസത്തിനുള്ളിൽ 19 കാരി ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ ഒടുവിൽ കുറ്റം സമ്മതിച്ചു. 29 കാരനായ യുവാവ് ആറാമത്തെ ആളെയും കൊലപ്പെടുത്തിയതിന് ശേഷമാണ് കുറ്റ സമ്മതം നടത്തിയത്. ഹരിയാനയിലെ റോഹ്തക്കിൽ നിന്നുള്ള രാഹുൽ സിംഗ് ജാട്ടിനെ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ വച്ച് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

നവംബർ 14 ന് വാപിയിലെ ഉദ്‌വാദ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിൻ്റെ ഭാഗമായാണ് രാഹുൽ സിംഗ് അറസ്റ്റിലായത്. വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പിന്നിൽ നിന്ന് ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജൂൺ എട്ടിന് ട്രെയിനിൽ വഡോദരയിലേക്ക് തനിക്കൊപ്പം യാത്ര ചെയ്ത കാഴ്ച വൈകല്യമുള്ള യാത്രക്കാരനെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ സീരിയൽ കില്ലർ സമ്മതിച്ചു.