തിരുവനന്തപുരം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. ഇന്നലെ ചേർന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൻ്റേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സി.പി.എം മംഗലപുരം ഏരിയാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നും പൊതുജനമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോന്നതിന് പിന്നാലെ താന്‍ വേറെ പാര്‍ട്ടിയില്‍ ചേരുമെന്ന് മധു വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കാണുമെന്നും മധു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. ഇതിനിടെ മധു ബി.ജെ.പിയിലേക്കെന്ന സൂചനയാണ് ലഭിക്കുന്നതെങ്കിലും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ മധു തയ്യറായില്ല. തന്നെ എല്ലാ പാര്‍ട്ടി നേതൃത്വവും ബന്ധപ്പെട്ടിരുന്നുവെന്നും മധു അറിയിച്ചിരുന്നു.