കഴിഞ്ഞ ദിവസം ഉച്ചയോടെ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിച്ച ഇൻഡിഗോ എയർലൈൻസിന്റെ എ320 നിയോ വിമാനമാണ് അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ഇടത്തോട്ട് ചെരിയുകയും ലാൻഡിങ് സുരക്ഷിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതിനെത്തുടർന്ന് പറയന്നുയരുകയുമായിരുന്നു.
ശനിയാഴ്ച വൈകീട്ടോടെ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടിരുന്നു. ചെറുതായി നിലത്തുതൊട്ട വിമാനം ഇടത്തോട്ട് ചെരിഞ്ഞു. വിമാനത്തിന്റെ ചിറകുകളും നിലംതൊടുമെന്ന ഘട്ടത്തിലാണ് വിമാനം വീണ്ടും പറന്നുയർന്നത്. റൺവേയിൽ വെള്ളം കെട്ടിക്കിടന്നതും ലാൻഡിങ് ദുഷ്കരമാക്കി. ഈ സംഭവത്തിന് പിന്നാലെയാണ് വിമാനത്താവളം അടച്ചത്. കാലാവസ്ഥ അനുകൂലമായതിനെത്തുടർന്ന് വിമാനത്താവളം ഞായറാഴ്ച രാവിലെയോടെ തുറന്നു.
സംഭവത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ വിമാനയാത്രക്കാരുടെ സുരക്ഷയെച്ചൊല്ലി ചർച്ചകളും നടക്കുന്നുണ്ട്. പൈലറ്റിന്റെ മനസ്സാന്നിധ്യമില്ലായിരുന്നെങ്കിൽ അപകടകരമായ സാഹചര്യമുണ്ടാവുമായിരുന്നെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.



