സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നാൾക്കുനാൾ മുറുകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ആരെത്തുമെന്ന ചർച്ചകൾ സജീവമാണ്. എങ്കിലും ഡിസംബർ രണ്ടോ മൂന്നോ തീയതികളിൽ ചേരുന്ന യോഗത്തിൽ നിയമസഭാ കക്ഷി നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ പേര് അന്തിമമാക്കുമെന്ന് ഒരു മുതിർന്ന ബിജെപി നേതാവ് ഞായറാഴ്ച അവകാശപ്പെട്ടു.

“മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ പേര് അന്തിമമായി പ്രഖ്യാപിച്ചു. പുതിയ ബിജെപി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ഡിസംബർ രണ്ടിനോ മൂന്നിനോ നടക്കും.” ഒരു മുതിർന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

മുഖ്യമന്ത്രിയുടെ പേര് സംബന്ധിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൈക്കൊള്ളുന്ന തീരുമാനത്തെ പൂർണമായി പിന്തുണയ്ക്കുമെന്ന് കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .