കൊച്ചി: കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജുവിന് നേരെ കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണം. റിപ്പോര്‍ട്ടര്‍ ടിവിക്ക് പ്രതികരണം നല്‍കിയതിന് പിന്നാലെയാണ് ലിജു സൈബര്‍ ആക്രമണം നേരിടുന്നത്. തങ്ങള്‍ക്കെതിരെ കേസ് കൊടുത്ത റിപ്പോര്‍ട്ടര്‍ ചാനലിന് പ്രതികരണം നല്‍കിയ ലിജുവിന് താക്കീതുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിസാര്‍ കുമ്പില ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് വ്യാപക സൈബര്‍ ആക്രമണം നടക്കുന്നത്. 

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജി സുധാകരന്‍ പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. ഈ കൂടിക്കാഴ്ച്ച സംബന്ധിച്ചാണ് എം ലിജു റിപ്പോര്‍ട്ട് ടി വിക്ക് പ്രതികരണം നല്‍കിയത്. ഇതാണ് നിസാര്‍ കുമ്പിലയെ പ്രകോപിപ്പിച്ചത്. 

ഒറ്റുകാര്‍ക്ക് ഞങ്ങളുടെ ഹൃദയത്തില്‍ മാപ്പില്ലെന്നും പാര്‍ട്ടി അണികളുടെ വികാരത്തെക്കാള്‍ വലുതാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ എന്ന് പ്രഖ്യാപിച്ച നിങ്ങള്‍ക്കെതിരെ സംസാരിക്കാന്‍, നിങ്ങളെ തള്ളി പറയാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അണികള്‍ക്ക് ഒരു മടിയും ഉണ്ടാകില്ലെന്നുമാണ് നിസാര്‍ കുമ്പില മുന്നറിയിപ്പ് നല്‍കിയത്.