ഉത്തർപ്രദേശിലെ സംഭാലിലെ മുഗൾ കാലഘട്ടത്തിലെ മുസ്ലീം പള്ളിയിൽ നടന്ന സർവേയെച്ചൊല്ലിയുണ്ടായ സംഘർഷം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷൻ. മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനാണ് സ്ഥലത്തെത്തിയത്. സംഭാൽ ജില്ലാ മജിസ്‌ട്രേറ്റും (ഡിഎം), പോലീസ് സൂപ്രണ്ട് (എസ്‌പി)യുമൊത്ത് കമ്മീഷൻ സംഭവസ്ഥലം പരിശോധിച്ചു.

അലഹബാദ് ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജിയായ ജസ്റ്റിസ് ദേവേന്ദ്ര കുമാർ അറോറയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സംഭവസ്ഥലത്തുണ്ടായിരുന്ന സംഭാൽ ജില്ലയിലെ പോലീസ്, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരിൽ നിന്ന് സംഭവത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ പ്രസാദ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയിൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

സംഭാലിലെ അക്രമം ആസൂത്രിത ഗൂഢാലോചനയാണോ അതോ പെട്ടെന്നുണ്ടായ സംഭവമാണോ എന്ന് കമ്മീഷൻ അന്വേഷിക്കും. സംഘട്ടനത്തിന് പിന്നിലെ ആളുകളുടെ പങ്ക് അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.