കോട്ടയം: കോട്ടയം നഗരത്തിലെ ആകാശപാതയുടെ ബലപരിശോധനാ റിപ്പോർട്ട് പുറത്ത്. ആകാശപാതയുടെ മേൽക്കൂരയും തുരുമ്പെടുത്ത പൈപ്പുകളും പൊളിച്ചുനീക്കണമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ നിർദേശിച്ചു. അടിസ്ഥാന തൂണുകൾ ഒഴികെ മറ്റ് തൂണുകൾക്കെല്ലാം പരിശോധനയിൽ ബലക്ഷയം കണ്ടെത്തി. ഇവ മുഴുവനും നീക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദേശപ്രകാരം, പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എഞ്ചിനീയറിങ് റിസർച്ച് സെൻ്റർ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ബലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് 2015 ഡിസംബർ 22നാണ് കോട്ടയം ശീമാട്ടി റൗണ്ടാനയിൽ ആകാശപാതയുടെ നി‍ർമാണം ആരംഭിച്ചത്. 6.5 മീറ്റർ ഉയരവും 15 ചതുരശ്രയടി വിസ്തീർണവും മൂന്നു എസ്കലേറ്ററുകളോടും കൂടിയ നി‍ർദിഷ്ട ആകാശപാത അഞ്ചു മാസംകൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.