ക്രിസ്തുകേന്ദ്രീകൃതമായ വിശ്വാസജീവിതത്തിന്റെയും സിനഡാത്മകമായ ഒരു ദൈവശാസ്ത്രം വളർത്തിയെടുക്കേണ്ടതിന്റെയും പ്രാധാന്യം ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് നവംബർ 28 വ്യാഴാഴ്ച വത്തിക്കാനിൽ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സമകാലീന സഭയുടെ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട തലങ്ങളെക്കുറിച്ച് പാപ്പ ഉദ്ബോധിപ്പിച്ചത്.

2025 ൽ ആഗോളസഭ ആഘോഷിക്കുന്ന ജൂബിലി, ക്രിസ്തുകേന്ദ്രീകൃതമായി വളരാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ ഓർമിപ്പിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ഈ വിശുദ്ധ വർഷത്തിൽ നാം നിഖ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ 1700-റാമത് വാർഷികം അനുസ്മരിക്കുകയാണെന്നു പറഞ്ഞ പാപ്പ, ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനെ സഹായിക്കുക, ക്രിസ്തുരഹസ്യം കൂടുതൽ വ്യക്തമാക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ ആചരണം ഇന്നത്തെ ദൈവശാസ്ത്രജ്ഞരിൽനിന്ന് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കി. കൂടാതെ, നിഖ്യ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹവും പാപ്പ വെളിപ്പെടുത്തി.

പിതാവിന്റെ സത്തയാണ് പുത്രനിലുമെന്ന് ഉറപ്പിച്ചുപറയുന്ന നിഖ്യ കൗൺസിൽ, യേശുവിൽ ഒരേസമയം നമുക്ക് ദൈവത്തിന്റെ തിരുമുഖവും മനുഷ്യന്റെ മുഖവും ദർശിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും പാപ്പ ഓർമിപ്പിച്ചു. ഇതുവഴി, അവനിലൂടെ ദൈവമക്കളെന്ന സ്ഥാനം സ്വന്തമാക്കുന്ന നാം പരസ്പരം സഹോദരങ്ങളാണെന്ന ബോധ്യത്തിലേക്കും കടന്നുവരുന്നുണ്ട്. ഈയൊരു അർഥത്തിൽ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ നിഖ്യ കൗൺസിൽ മുന്നോട്ടുവയ്ക്കുന്ന വിശ്വാസം സംബന്ധിച്ച് ഒരു രേഖ തയ്യാറാക്കുന്നത് അഭിലഷണീയമാണെന്ന് പാപ്പ പ്രസ്താവിച്ചു. ജൂബിലി വർഷത്തിൽ, ക്രിസ്തുവിന്റെ മാനവികതയിൽനിന്ന് പ്രേരണ ഉൾക്കൊണ്ട്, സാംസ്കാരിക, സാമൂഹ്യ ഇടങ്ങളിൽ ആശയങ്ങളും വിചിന്തനങ്ങളും നൽകാൻ ഇങ്ങനെയുള്ള ഒരു രേഖ സഹായകരമായിരിക്കുമെന്ന് പാപ്പ വ്യക്തമാക്കി.

സംഘർഷങ്ങളും അക്രമങ്ങളും നിറഞ്ഞ ഇക്കാലത്ത്, ക്രിസ്തുവിലൂടെ വെളിവാക്കപ്പെടുന്ന ദൈവസ്നേഹം, സാഹോദര്യത്തിൽ ജീവിക്കാനും സമാധാനത്തിന്റെയും നീതിയുടെയും സൃഷ്ടാക്കളാകാനുമുള്ള വിളിയെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ഈയൊരു പശ്ചാത്തലത്തിൽ ക്രിസ്തുകേന്ദ്രീകൃതമായ വളർച്ചയ്ക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.