ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മന്‍മോഹനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം യോഗം ചേര്‍ന്ന് രാജ്യത്തെ പരമോന്നത കോടതി ജഡ്ജിയായി ജസ്റ്റിസ് മന്‍മോഹന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ്, എഎസ് ഓക എന്നിവരും കൊളീജിയത്തില്‍ അംഗങ്ങളാണ്.
ചീഫ് ജസ്റ്റിസ് അടക്കം 34 ജഡ്ജിമാരാണ് സുപ്രീം കോടതിയില്‍ അനുവദനീയമായത്. നിലവില്‍ കോടതിയുടെ അംഗബലം 32 ആണ്. ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും ഡി വൈ ചന്ദ്രചൂഡും വിരമിച്ച ശേഷം സുപ്രീം കോടതിയില്‍ രണ്ട് ഒഴിവുകള്‍ വരികയായിരുന്നു. ഇതില്‍ ഒരു ഒഴിവ് ജസ്റ്റിസ് മന്‍മോഹന്റെ വരവോടെ അടയും.
ജമ്മു കശ്മീര്‍ ഗവര്‍ണറായും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായും സേവനമനുഷ്ഠിച്ച പ്രശസ്ത ബ്യൂറോക്രാറ്റും രാഷ്ട്രീയക്കാരനുമായ അന്തരിച്ച ജഗ്മോഹന്റെ മകനാണ് 61 കാരനായ ജസ്റ്റിസ് മന്‍മോഹന്‍.



