വയലിനിസ്റ്റ് ബാലഭാസ്കറിന്റെ(Violinist Balabhaskar) മരണത്തിൽ ഗുരുതര ആരോപണവുമായി പിതാവ് ഉണ്ണി(Unni). മകനെ കൊന്നത് തന്നെയാണെന്നും മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ(Arjun) അറസ്റ്റിലായതോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു.
അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. സിബിഐയും സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു.
പെരിന്തൽമണ്ണ സ്വർണ കവർച്ച കേസിൽ മറ്റു പ്രതികൾക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതൽ വാഹനം ഓടിച്ചത് തൃശ്ശൂര്‍ സ്വദേശിയായ അർജുനായിരുന്നു. കേസിൽ 13 പേർ പിടിയിലായിട്ടുണ്ട്. ഈ മാസം 21-ാം തിയതിയായിരുന്നു പെരിന്തൽമണ്ണയിൽ കവർച്ച നടന്നത്. എന്നാൽ ഈ കേസും വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവും തമ്മിൽ ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.



