തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എന്‍ പ്രശാന്തിനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി കാംകോ തൊഴിലാളി സംഘടനകള്‍. സിഐടിയു, എഐടിയുസി, കാംകോ ഓഫീസേഴ്‌സ് അസോസിയേഷന്‍, കാംകോ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് കാംകോ ഓഫീസേഴ്‌സ് എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

പ്രശാന്ത് കാംകോയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. കാംകോയുടെ പ്രവര്‍ത്തനം ലോക നിലവാരത്തിലേക്ക് മെച്ചപ്പെട്ടു. പ്രശാന്തിനെ തിരികെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സംഘടനകള്‍ പറയുന്നു. നേരത്തേ തൊഴിലാളി സംഘടനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിഐടിയു അടക്കമുള്ള സംഘടനകള്‍ പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.