തനിക്കെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ എന്‍. പ്രശാന്ത്. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത്, അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിടുമെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ എ. ജയതിലകിനെതിരെ നേരത്തെ തന്നെ പ്രശാന്ത് രംഗത്തെത്തിയിരുന്നു. ജയതിലകിനെ മാടമ്പള്ളിയിലെ യഥാര്‍ഥ മനോരോഗിയെന്നാണ് പ്രശാന്ത് ഫെയ്‌സ്ബുക്ക് കമൻ്റിലൂടെ വിശേഷിപ്പിച്ചത്. ഇത് വിവാദമായതോടെ കമൻ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പട്ടികജാതി- വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ ഫയലുകള്‍ കാണാനില്ലെന്ന മാതൃഭൂമി വാര്‍ത്തയാണ് പ്രകോപനം.

ഡോ. ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത്‌ ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ലെന്നും പ്രശാന്ത് പറയുന്നു. വിവരാവകാശ പ്രകാരം പോതുജനത്തിന്‌ അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ്‌ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌.  ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുമ്പോൾ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും പ്രശാന്ത് ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു.