ഉത്തർപ്രദേശിലെ മീററ്റിൽ ഒരു വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ വമ്പൻ വഴിത്തിരിവ്. കുറ്റകൃത്യത്തിന് വാഗ്ദാനം ചെയ്ത തുക നൽകാത്തതിന് കരാർ കൊലയാളി നീരജ് ശർമ പോലീസിൽ പരാതി നൽകിയതോടെയാണ് പോലീസ് ഉൾപ്പടെ ഞെട്ടിയത്. അഭിഭാഷകയായ അഞ്ജലിയെ കൊലപ്പെടുത്താൻ 20 ലക്ഷം രൂപയുടെ കരാർ നൽകിയെങ്കിലും തുക ലഭിച്ചില്ലെന്ന് കൊലയാളി ആരോപിച്ചു.
ഒരു വർഷം മുമ്പ് മിൽക്ക് ബൂത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ജലിയെ രണ്ട് അക്രമികൾ വെടിവെച്ച് കൊന്നിരുന്നു. സ്വത്ത് തർക്കത്തിൻ്റെ പേരിൽ കൊലയാളികളെ വാടകക്കെടുത്തെന്ന സംശയത്തെത്തുടർന്ന് അവരുടെ ഭർത്താവിനെയും മരുമകനെയും ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇവർക്ക് പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് വിട്ടയച്ചു.
കുറ്റകൃത്യം നടന്ന് ദിവസങ്ങൾക്ക് ശേഷം, വെടിയുതിർത്തവരെന്ന് ആരോപിക്കപ്പെടുന്ന നീരജ് ശർമ്മ, യശ്പാൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഷ് ഭാട്ടി എന്ന വ്യക്തിയാണ് ഇവരെ ജോലിക്കെടുത്തതെന്നാണ് സൂചന. കൊലപാതകത്തിൻ്റെ തലേദിവസം രാത്രി നീരജിൻ്റെ വീട്ടിൽ അക്രമികൾ താമസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് സ്കൂട്ടറുകളും ഒരു പിസ്റ്റളും പോലീസ് കണ്ടെടുത്തു.



