ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പറഞ്ഞ് കോടതി. ഒരാള്‍ മാത്രം കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജസ്റ്റിസ് ഫിലിപ്പ് തോമസിന്റേതാണ് വിധി. പതിനാല് എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികളായിരുന്നത്. ഇതിൽ 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതേവിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്.
കേസിലുള്‍പ്പെട്ട 14 പേരില്‍ മൂന്നാം പ്രതി എം.വി. മര്‍ഷൂക്ക് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതി വിധിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ നവംബര്‍ 14-ന് കോടതി പ്രസ്താവിക്കും. അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേ കാലോടെയായിരുന്നു കൊലപാതകം. കണ്ണൂരില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ ആക്രമിച്ചത്. അഞ്ച് പ്രതികള്‍ ഇതേ ബസില്‍ യാത്ര ചെയ്തിരുന്നു. യാത്രക്കാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അശ്വിനി കുമാറിനെ വാളുകൊണ്ട് വെട്ടി. പുറകെ ജീപ്പിലെത്തിയ മറ്റ് പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊലപ്പെടുത്തിയ ശേഷം ഇതേ ജീപ്പില്‍ സംഘം രക്ഷപ്പെടുകയും ചെയ്തു.



