അഫ്​ഗാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണവുമായി താലിബാൻ. സ്ത്രീകൾ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി താലിബാൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. വിർജീനിയ ആസ്ഥാനമായുള്ള അമു ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നേരത്തെ സ്ത്രീകൾ വാങ്ക് വിളിക്കുന്നതും തക്ബീർ മുഴക്കുന്നതും താലിബാൻ വിലക്കിയിരുന്നു. പിന്നാലെയാണ് ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതും വിലക്കിയത്. സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി പറഞ്ഞു.

പ്രാർത്ഥനക്കിടെ, സ്ത്രീകൾ മറ്റുള്ളവർക്ക് കേൾക്കാൻ കഴിയുന്നത്ര ഉച്ചത്തിൽ സംസാരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്ത്രീയുടെ ശബ്ദം സവിശേഷമായി കണക്കാക്കപ്പെടുന്നു. മറ്റുള്ള സ്ത്രീകൾ പോലും കേൾക്കാൻ പാടില്ലെന്നും താലിബാൻ അറിയിച്ചു. പുതിയ ഉത്തരവ് സ്ത്രീകൾ പുറത്ത് സംസാരിക്കുന്നത് വിലക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമാണെന്ന് വിമർശനമുയർന്നു. പുതിയ നിയമം സ്ത്രീകളുടെ സ്വകാര്യ സംഭാഷണങ്ങൾ പോലും പരിമിതപ്പെടുത്തുകയും സ്ത്രീകളുടെ സാമൂഹിക സാന്നിധ്യം ഇല്ലാതാക്കുകയും ചെയ്യുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.