റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. എ ഡി എം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ. ഇന്നലെ കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ നിന്നും ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.

ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും. പോലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേൾക്കുക. 

പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിൻ്റെ കുടുംബം കക്ഷിചേർന്നേക്കും. ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് എഡിഎം നവീന്‍ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. പി പി ദിവ്യ ജാമ്യ ഹര്‍ജി നല്‍കുമ്പോള്‍ കക്ഷിചേരാനാണ് തീരുമാനം. ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരിക്കും കക്ഷിചേരുക. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയിലും മഞ്ജുഷ കക്ഷി ചേര്‍ന്നിരുന്നു.