ടെക്‌സാസ്: ചരിത്രത്തിലാദ്യമായി യു.എസ് തുറമുഖ തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് താത്ക്കാലികമായി പിന്‍വലിച്ചു. തൊഴിലാളികള്‍ തുറമുഖ ഓപ്പറേറ്റര്‍മാരുമായി താല്‍ക്കാലിക കരാറുണ്ടാക്കിയതിനെത്തുടര്‍ന്നാണ് കിഴക്കന്‍, ഗള്‍ഫ് തീരങ്ങളില്‍ മൂന്ന് ദിവസം നീണ്ട യുഎസ് തുറമുഖ പണിമുടക്ക് വ്യാഴാഴ്ച താത്ക്കാലികമായി അവസാനിപ്പിച്ചത്.

ഈസ്റ്റ്, ഗള്‍ഫ് കോസ്റ്റ് തുറമുഖങ്ങളിലെ പണിമുടക്കുന്ന യുഎസ് ഡോക്ക് വര്‍ക്കര്‍മാരെ പ്രതിനിധീകരിക്കുന്ന യൂണിയനായ ഇന്റര്‍നാഷണല്‍ ലോംഗ്ഷോര്‍മെന്‍സ് അസോസിയേഷന്‍, ഒരു പുതിയ കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി ജനുവരി 15 വരെ പണിമുടക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജോലി ഉടന്‍ പുനരാരംഭിക്കുമെന്ന് യൂണിയന്‍ അറിയിച്ചു.

പണിമുടക്ക് ചൊവ്വാഴ്ച മുതല്‍ കിഴക്കന്‍, ഗള്‍ഫ് തീരങ്ങളിലെ 14 തുറമുഖങ്ങളെ ബാധിച്ചു. മെയ്ന്‍ മുതല്‍ ടെക്സാസ് വരെയുള്ള ഡസന്‍ കണക്കിന് തുറമുഖങ്ങളിലുടനീളം ഭക്ഷണം മുതല്‍ ഓട്ടോമൊബൈല്‍ കയറ്റുമതി വരെ സമരം പ്രതിസന്ധിയിലാക്കിയിരുന്നു. പുതിയ തൊഴില്‍ കരാറിനായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ്, 50 വര്‍ഷത്തിനിടെ യുഎസ് ഈസ്റ്റ് കോസ്റ്റ്, ഗള്‍ഫ് കോസ്റ്റ് തുറമുഖ തൊഴിലാളികള്‍ കൂലിക്ക് വേണ്ടിയുള്ള തങ്ങളുടെ ആദ്യത്തെ പണിമുടക്കിന് ചൊവ്വാഴ് തുടക്കമിട്ടത്.

45,000 തുറമുഖ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഇന്റര്‍നാഷണല്‍ ലോംഗ്‌ഷോര്‍മെന്‍സ് അസോസിയേഷന്‍ യൂണിയന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാരിടൈം അലയന്‍സ് (USMX) തൊഴിലുടമ ഗ്രൂപ്പുമായി പുതിയ ആറ് വര്‍ഷത്തെ കരാറിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിഷയം സംബന്ധിച്ച് ഇരുഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ നടന്നെങ്കിലും, ചര്‍ച്ച ഫലം കണ്ടില്ല. പണിമുടക്ക് അവസാനിപ്പിക്കാന്‍ ഫെഡറല്‍ അധികാരങ്ങള്‍ ഉപയോഗിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍, കിഴക്കന്‍ തീരവും ഗള്‍ഫ് തുറമുഖങ്ങളും വീണ്ടും തുറക്കാന്‍ താത്ക്കാലികമായി സമരം പിന്‍വലിച്ചതിന് പ്രസിഡന്റ് ബൈഡന്‍ ഇരുപക്ഷത്തെയും അഭിനന്ദിച്ചു.

ടെക്‌സാസ് മുതല്‍ മെയ്ന്‍ വരെയുള്ള 36 തുറമുഖങ്ങളിലായി 45,000 തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്ക് 1977 ന് ശേഷം യുഎസിലെ കിഴക്കന്‍, ഗള്‍ഫ് തീരത്തെ തുറമുഖങ്ങളെ ബാധിച്ച ആദ്യത്തേതാണ്. ഏകദേശം 62% വേതന വര്‍ദ്ധനയ്ക്കാണ് താല്‍ക്കാലിക കരാര്‍. നിലവിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ചര്‍ച്ച തുടരുമെന്ന് ഇരുപക്ഷവും പ്രസ്താവനയില്‍ പറഞ്ഞു.