പുല്ലാട് (പത്തനംതിട്ട ): ആധാർകാർഡ് ക്രിമിനലുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് യുവതികളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോളത്തറ ശാരദാ മന്ദിരത്തിൽ പ്രജിത (41), കൊണ്ടോടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പിൽ സനൗസി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 49 ലക്ഷം രൂപയാണ് ഇവർ പത്തനംതിട്ട സ്വദേശിയിൽനിന്ന് തട്ടിയെടുത്തത്.
വാട്ട്സ്ആപ്പ് ചാറ്റിലൂടെയും ഫോണിലൂടെയും പ്രതികൾ വെണ്ണിക്കുളം വെള്ളാറ മലയിൽ പറമ്പിൽ ശാന്തി സാമിനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. കേസിൽ പെടാതിരിക്കാനായി പണം നൽകണമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ശാന്തി സാമിന്റെ നാല് അക്കൗണ്ടിൽ നിന്നായി 49,03,500 രൂപ പലപ്പോഴായി നഷ്ടപ്പെട്ടു.
കഴിഞ്ഞവർഷം ജൂൺ മുതൽ 2024 ജൂലൈ വരെ പലപ്പോഴായാണ് ഒൻപത് അക്കൗണ്ടുകളിലേക്ക് പണം നൽകിയത്. വെണ്ണിക്കുളം സൗത്ത് ഇന്ത്യൻ ബാങ്ക്, പുല്ലാട് ഫെഡറൽ ബാങ്ക്, കുമ്പനാട് ഓവർസീസ് ബാങ്ക്, വെണ്ണിക്കുളം എസ്. ബി. ഐ. എന്നിവിടങ്ങളിൽ പരാതിക്കാരിക്ക് ഉണ്ടായിരുന്ന അക്കൗണ്ടുകളിൽനിന്നാണ് പൈസ കൈമാറ്റം ചെയ്യപ്പെട്ടത്.



