ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല എങ്കിലും, സെലിബ്രിറ്റികളായ അച്ഛനമ്മമാരും – സഹോദരങ്ങളും സിനിമയില്‍ ഉള്ളത് കൊണ്ട് മാത്രം ചിലരുടെ വിവാഹം വന്‍ വൈറലും, ആര്‍ഭാടവുമായിരിക്കും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു സായി പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹം. സെലിബ്രിറ്റി സാന്നിധ്യം വളരെ കുറവായിരുന്നു എന്ന് മാത്രമല്ല, ചടങ്ങുകള്‍ എല്ലാം വ്യത്യസ്തമായിരുന്നു.

കോത്തഗിരിയില്‍ വച്ചു നടന്ന വിവാഹം പക്ക ട്രഡീഷണലായിരുന്നു. ആഭരണങ്ങളോ, വസ്ത്രങ്ങളോ ഒന്നും തന്നെ ആര്‍ഭാടമായിരുന്നില്ല എന്ന് സായി പല്ലവിയുടെ ഫാന്‍സ് പേജുകളിലൂടെ വന്ന ഫോട്ടോകളിലും വീഡിയോകളിലും വ്യക്തം. അക്കൂട്ടത്തില്‍ വിവാഹത്തിന് മുന്‍പ് നടന്ന സംഗീത് സെലിബ്രേഷന്റെ വീഡിയോകളും വന്നിരുന്നു. സായി പല്ലവി അനിയത്തിയൊക്കൊപ്പം തകര്‍ത്താടുന്ന ദൃശ്യങ്ങള്‍ ആ വീഡിയോയില്‍ കാണാം.

എന്നാല്‍ ആ ഡാന്‍സ് പെര്‍ഫോമന്‍സ് മാത്രമല്ല, അത് കളിക്കുമ്പോള്‍ സായി പല്ലവി ധരിച്ച വസ്ത്രവും ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഈ ഡ്രസ്സ് എവിടെയോ കണ്ടല്ലോ എന്ന് ചോദിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നു തുടങ്ങിയത്. പിന്നാലെ എവിടെയാണ് വന്നത് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും വന്നു തുടങ്ങി. അതെ ഫിദ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് സായി പല്ലവി ധരിച്ച അതേ വേഷം തന്നെയാണ് ഇത്.

നീല നിറത്തിലുള്ള വെല്‍വറ്റ് മെറ്റീരിയലിലുള്ള കുര്‍ത്തയും അതിനൊത്ത നീള നിറത്തിലുള്ള പാവാടയുമായിരുന്നു ഏഴ് വര്‍ഷം മുന്‍പ് നടന്ന ഫിദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് വന്നപ്പോള്‍ സായി പല്ലവി ധരിച്ചിരുന്നത്. അതേ കുര്‍ത്തിയും അതിനൊപ്പം ബെയ്ജ് നിറത്തിലുള്ള പലാസോയുമാണ് വിവാഹത്തിന്റെ സംഗീത് ചടങ്ങിന് സായി പല്ലവി ധരിച്ചത്.

സെലിബ്രിറ്റി ജാഡകളില്ലാത്ത സായി പല്ലവിയുടെ ലാളിത്യത്തെ കുറിച്ചാണ് ഫോട്ടോയ്ക്കും വീഡിയോയ്ക്കും താഴെ ആരാധകര്‍ സംസാരിക്കുന്നത്. ഒരിക്കല്‍ ധരിച്ച വേഷം പിന്നെ ഒരിക്കലും ആവര്‍ത്തിക്കാത്ത താരങ്ങള്‍ക്കിടയില്‍ സായി പല്ലവി വ്യത്യസ്തയാണെന്ന് ആരാധകര്‍ പറയുന്നു.