ഇത്തവണത്തെ ദുലീപ് ട്രോഫിക്കുള്ള (Duleep Trophy 2024) നാല് ടീമുകളിലും സഞ്ജു സാംസൺ (Sanju Samson) ഇടം പിടിക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. രാജ്യത്തെ മികച്ച 60 കളിക്കാരുടെ പട്ടികയിൽ പോലും സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്ന ബിസിസിഐ നീക്കത്തിനെതിരെ ആരാധകർ ആഞ്ഞടിക്കുകയും ചെയ്തു. എന്നാൽ ഇപ്പോളിതാ സഞ്ജുവിന് ദുലീപ് ട്രോഫി ടീമിലേക്ക് സർപ്രൈസ് വിളി വരുമെന്ന് സൂചനകൾ വന്നിരിക്കുന്നു‌.

ദുലീപ്‌ട്രോഫി സ്ക്വാഡിൽ ഇടം പിടിച്ച ഇഷാൻ കിഷന് ആദ്യ റൗണ്ട് മത്സരം നഷ്ടമായേക്കുമെന്നാണ് സൂചനകൾ. ഇതിന്റെ കൃത്യമായ കാരണം പുറത്ത് വന്നിട്ടില്ലെങ്കിലും, പരിക്കാണ് കാരണമെന്നാണ് സൂചന. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ബുച്ചിബാബു ടൂർണമെന്റിൽ ഇഷാൻ കളിച്ചിരുന്നു. ഈ ടൂർണമെന്റിനിടെ ഇഷാന് പരിക്ക് പറ്റിയെന്നാണ്‌ കരുതപ്പെടുന്നത്. ഇഷാൻ കിഷന് തിരിച്ചടിയേറ്റത് സഞ്ജുവിന് ഗുണമാകുമെന്നാണ് സൂചന.

ഇഷാന് വൻ തിരിച്ചടി

ഇഷാന് വൻ തിരിച്ചടി

സഞ്ജുവിന് കോളടിച്ചേക്കും

സഞ്ജുവിന് കോളടിച്ചേക്കും

ഇഷാൻ കിഷൻ പരിക്കേറ്റ് പുറത്തായാൽ സഞ്ജു സാംസൺ ദുലീപ്‌ട്രോഫി സ്ക്വാഡിൽ ഇടം പിടിക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദുലീപ് ട്രോഫിയിൽ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യ ഡി യുടെ വിക്കറ്റ് കീപ്പറായിരുന്നു ഇഷാൻ കിഷൻ. താരം പുറത്താകുന്നതോടെ ശ്രേയസ് അയ്യറിന്റെ കീഴിലുള്ള ഡി ടീമിലേക്കാവും സഞ്ജു സാംസൺ എത്തുക. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മോശമല്ലാത്ത റെക്കോഡുള്ള വിക്കറ്റ് കീപ്പർ ബാറ്ററുമാണ്. 62 മത്സരങ്ങളാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജു കളിച്ചിട്ടുള്ളത്. ഇതിൽ 38.54 ബാറ്റിങ് ശരാശരിയിൽ 3623 റൺസ് നേടാൻ താരത്തിനായി. 10 കളികളും 16 അർധസെഞ്ചുറികളും താരം സ്കോർ ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജു അവസാന മത്സരം കളിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്.‌ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലായിരുന്നു ഇത്.

കഴിഞ്ഞ വർഷാവസാനം വരെ ഇന്ത്യൻ ടീമിന്റെ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു ഇഷാൻ കിഷൻ. എന്നാൽ അഭ്യന്തര ക്രിക്കറ്റിൽ കളിക്കാനുള്ള ബിസിസിഐ നിർദ്ദേശം അവഗണിച്ചതോടെ താരത്തിന്റെ കരിയറിലെ കഷ്ടകാലവും തുടങ്ങി. ഇതിന് ശേഷം ബിസിസിഐയുടെ വാർഷിക കരാർ പട്ടികയിൽ നിന്ന് പുറത്തായ ഇഷാൻ പിന്നീട് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഇത്തവണത്തെ ദുലീപ് ട്രോഫിയിൽ കളിച്ച് ഇന്ത്യ‌ ടീമിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഇഷാൻ. അതിനിടെയാണ് ഇപ്പോൾ പരിക്ക് വില്ലനായിരിക്കുന്നത്. ഇതോടെ ദേശീയ ടീമിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവും വൈകുമെന്ന് ഉറപ്പ്.