സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന് പുറമെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഞ്ഞ അലർട്ട്
03/09/2024 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 
എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇന്നലെ അത് വടക്ക് – പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure)  മാറാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടു.