ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിൽ വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ചു. ഡൽഹിയിലെ കേന്ദ്ര ജലകമ്മീഷൻ ആസ്ഥാനത്ത് മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് ചേർന്ന 18-ാമത് യോഗത്തിലാണ് കേരളത്തിന് അനുകൂലമായ തീരുമാനമുണ്ടായത്. 12 മാസത്തിനുള്ളിൽ വിശദമായ സുരക്ഷാ പരിശോധന പൂർത്തിയാക്കണമെന്നാണ് യോഗത്തിലെ തീരുമാനം.
മുല്ലപ്പെരിയാർ ഡാമിൽ വിശദമായ സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യം കേരളം നിരന്തരമായി ഉന്നയിച്ചിരുന്നു. സുരക്ഷാ പരിശോധന നടത്തിയ ശേഷം അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്ന നിലപാടായിരുന്നു കേരളം ആവർത്തിച്ചിരുന്നത്. എന്നാൽ ആദ്യം അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്നായിരുന്നു തമിഴ്നാടിൻ്റെ നിലപാട്. മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന ആവശ്യമാണെന്ന് 2022 ഫെബ്രുവരിയിൽ പൊതുതാൽപര്യ ഹർജി പരിഗണിച്ച ശേഷം സുപ്രീം കോടതി വിധിച്ചെങ്കിലും അറ്റകുറ്റപ്പണി നടത്തിയ ശേഷം സുരക്ഷാ പരിശോധന എന്നായിരുന്നു തമിഴ്നാട് നിലപാടെടുത്തത്.
ഇന്ന് ചേർന്ന യോഗത്തിലും തമിഴ്നാട് സമാന നിലപാട് സ്വീകരിച്ചെങ്കിലും കേരളം ഇത് അംഗീകരിച്ചില്ല. 2021ലെ ഡാം സുരക്ഷാ നിയമപ്രകാരം വിശദമായ പരിശോധന 2026ൽ നടത്തിയാൽ മതിയെന്ന് തമിഴ്നാട് യോഗത്തിൽ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാൻ കേന്ദ്ര ജലകമ്മീഷൻ തയ്യാറായില്ല. തുടർന്നാണ് കേരളത്തിന് അനുകൂലമായ തീരുമാനമുണ്ടായത്.
13 വർഷത്തിന് ശേഷമാണ് മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്താനുള്ള വഴിയൊരുങ്ങുന്നത്. 2011ലാണ് അവസാനമായി വിശദമായ സുരക്ഷാ പരിശോധന നടന്നത്. സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിയാണ് അന്ന് പരിശോധന നടത്തിയിരുന്നത്.
സ്വതന്ത്ര വിദഗ്ധൻമാർ ഉൾപ്പെടുന്ന സമിതിയാകും വിശദമായ സുരക്ഷാ പരിശോധന നടത്തുക. കേരളം നിർദേശിക്കുന്ന അജണ്ട കൂടി പരിശോധനയിൽ ഉൾപ്പെടുത്തും. ഡാമിൻ്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവയാണ് വിദഗ്ധ സമിതി പരിശോധിക്കുക. രാജ്യത്തെ പ്രധാന ഡാമുകളിൽ 10 വർഷത്തിലൊരിക്കൽ സുരക്ഷാ പരിശോധന ആവശ്യമാണെന്ന് കേന്ദ്ര ജലകമ്മീഷൻ്റെ സുരക്ഷാ പുസ്തകത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.



