ബെംഗളൂരു: മധുര – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് പ്രതിദിന സർവീസ് ആരംഭിച്ചു. റൂട്ടിൽ സർവീസ് നടത്തുന്ന മറ്റുസാധാരണ ട്രെയിനുകളേക്കാൾ രണ്ട് മണിക്കൂർവരെ സമയ ലാഭം നൽകുന്നതാണ് പുതിയ സർവീസ്. മധുരയ്ക്കും ബെംഗളൂരു കന്‍റോൺമെന്‍റിനുമിടയിൽ ത്രിച്ചി വഴി വന്ദേ ഭാരത് വേണമെന്ന യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ് യാഥാർഥ്യമായിരിക്കുന്നത്. ഇതോടെ തിരുച്ചിറപ്പള്ളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പകൽ സമയ യാത്ര വേഗത്തിലാക്കും.

മധുരയിൽ നിന്ന് രാവിലെ 5:15 നാണ് വന്ദേ ഭാരത് പുറപ്പെടുന്നത്. 7 മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് ഉച്ചയ്ക്ക് 1 മണിയ്ക്ക് ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റേഷനിലെത്തും. 20671 ആണ് മധുര – ബെംഗളൂരു ട്രെയിൻ സർവീസ് നമ്പർ. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ബെംഗളൂരുവിൽ നിന്ന് മധുരയിലേക്കുള്ള 20672 മടക്കയാത്ര ഉച്ചയ്ക്ക് 1:30നാണ് പുറപ്പെടുക. തുടർന്ന് രാത്രി 09:45ന് മധുരയിലെത്തും.

ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, സേലം തുടങ്ങിയ സ്റ്റേഷനുകളിൽ വന്ദേ ഭാരരതിന് സ്റ്റോപ്പുകളുണ്ട്. രാവിലെ 05:15ന് മധുരയിൽ നിന്ന് പുറപ്പെട്ടാൽ ഡിണ്ടിഗൽ ജങ്ഷൻ 05:59, തിരുച്ചിറപ്പള്ളി 06:50, കരൂർ 08:08, നാമക്കല്‍ 08:32, സേലം ജങ്ഷൻ 09:15, കൃഷ്ണരാജപുരം 12:50 സ്റ്റോപ്പുകൾ പിന്നിട്ടാണ് 13:00ന് ബെംഗളുരു കന്‍റോൺമെന്‍റ് സ്റ്റേഷനിലെത്തുക.

മധുര – ബെംഗളൂരു വന്ദേ ഭാരതിൽ എസി ചെയർ കാറിന് 1575 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2865 രൂപയുമാണ് നിരക്ക്. എസി ചെയർ കാറിൽ 1068 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 2194 രൂപയുമാണ് അടിസ്ഥാന നിരക്ക്.

ബെംഗളുരു കന്‍റോൺമെന്‍റിൽ നിന്ന് 13:30ന് പുറപ്പെടുന്ന ട്രെയിൻ കൃഷ്ണരാജപുരം 13:55, സേലം ജങ്ഷൻ 16:50, നാമക്കല്‍ 17:38, കരൂർ 17:58, തിരുച്ചിറപ്പള്ളി 19:20, ഡിണ്ടിഗൽ ജഷങ്ഷൻ 20:28, മധുര ജങ്ഷൻ 21:45 എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ബെംഗളൂരു – മധുര യാത്രയ്ക്ക് എസി ചെയർ കാറിന് 1067 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2195 രൂപയുമാണ് അടിസ്ഥാന നിരക്ക്.

കഴിഞ്ഞദിവസം നാഗർകോവിൽ – ചെന്നൈ വന്ദേ ഭാരതിനൊപ്പമാണ് ബെംഗളൂരു – മധുര വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. തെക്കൻ കേരളത്തിലുള്ളവർക്ക് പ്രയോജനപ്പെടുന്ന സർവീസാണ് നാഗർകോവിൽ – ചെന്നൈ സർവീസ്.