കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അനുമതിയില്ലാതെ അനധികൃതമായി നഴ്സറി നടത്തുകയും അനധികൃതമായി തൊഴിലാളികളെ നിയമിക്കുകയും ചെയ്തതിന് പ്രവാസിക്ക് 7,000 ദിനാര്‍ പിഴ ചുമത്തി കുവൈറ്റ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി. 20 ലക്ഷത്തോളം രൂപ വരുമിത്. അധികൃതരിൽ നിന്നുള്ള ലൈസൻസ് എടുക്കാതെ വാടക കെട്ടിടത്തിലായിരുന്നു നഴ്സറി പ്രവർത്തിച്ചിരുന്നത്. ലൈസന്‍സില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും നിയമവിരുദ്ധമായ തൊഴില്‍ സമ്പ്രദായങ്ങള്‍ക്കും എതിരായ കോടതിയുടെ ഉറച്ച നിലപാടിനെ എടുത്തുകാണിക്കുന്നു.

ആളുകൾക്ക് താമസിക്കുന്നതിനായി നിശ്ചയിക്കപ്പെട്ട അപ്പാര്‍ട്ട്മെൻ്റിൽ അനുമതിയില്ലാതെ നഴ്സറി പ്രവർത്തിക്കുന്നതായി അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്ക്ക് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആവശ്യമായ അനുമതികൾ ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. അയൽപക്കത്തു നിന്നുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നതായി കണ്ടെത്തിയ ഉദ്യോഗസ്ഥർ, നഴ്സറി നടത്തിപ്പുകാരനായ പ്രവാസി, ഇയാളുടെ ഭാര്യയും ചേർന്നാണ് സ്ഥാപനം നടത്തുന്നതെന്നും കണ്ടെത്തി. നഴ്സറിയിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്തിരുന്നതായും അന്വേഷണത്തിൽ ബോധ്യമായി. ഇതേത്തുടർന്ന് പ്രവാസിക്ക് എതിരേ കേസെടുക്കുകയായിരുന്നു.

കേസ് വിചാരണ നടത്തിയ കുവൈറ്റ് പ്രാഥമിക കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ആവശ്യമായ യോഗ്യതയോ സുരക്ഷാ സംവിധാനങ്ങളോ അക്കാദമിക മാനദണ്ഡങ്ങളോ പാലിക്കാതെ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് 7000 ദിനാർ പിഴ ചുമത്തിയത്. രണ്ട് ഭാഗങ്ങളായി തിരിച്ചായിരുന്നു പിഴ. ലൈസന്‍സില്ലാത്ത നഴ്സറി നടത്തിയതിന് 5,000 ദിനാറും അനധികൃതമായി പ്രവാസി തൊഴിലാളികളെ നിയമിച്ചതിന് 2,000 ദിനാറും.

ശിക്ഷിക്കപ്പെട്ട വ്യക്തി പ്രാഥമിക കോടതി വിധി പ്രസിദ്ധീകരിച്ചതിന്റെ നിശ്ചിത കാലയളവിനുള്ളിൽ വിധിക്കെതിരേ അപ്പീല്‍ ഫയല്‍ ചെയ്യാത്തതിനെ തുടർന്ന് വിധി അന്തിമമാണെന്ന് കണക്കാക്കി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇത്തരം അനധികൃത പ്രവർത്തനങ്ങൾക്കെതിരേ കർശനമായ നടപടികളുമായി മുന്നോട്ടു പോവുമെന്ന് അധികൃതർ അറിയിച്ചു. പിടിയിലായ പ്രവാസിയെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

അതിനിടെ വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനായി പുറത്തിറക്കിയ പുതിയ ഇലക്ട്രോണിക് സേവനം സഹല്‍ ആപ്പ് വഴി അവതരിപ്പിച്ച് കുവെെറ്റ് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. വാഹന കൈമാറ്റത്തിനായി ഇനി പേപ്പര്‍വര്‍ക്കുകളോ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങുകയോ ചെയ്യേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.