മലയാള സിനിമയിലെ പവർ ​ഗ്രൂപ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പക്ഷേ ചിലരുടെ മേധാവിത്വം അനുഭവപ്പെട്ടിട്ടുണ്ടെന്നും നടി വിൻസി അലോഷ്യസ്. കോൺട്രാക്ട് ഇല്ലാതെ സിനിമ ചെയ്യേണ്ടി വരുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും നടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചിലരുടെ ഈ​ഗോ മൂലം സിനിമകൾ നഷ്ടപ്പെട്ടുവെന്നും നടി കൂട്ടിച്ചേർത്തു.

“ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കേൾക്കുന്നു. ഞാനും എല്ലാവരേയും പോലെ എന്താണ് സത്യാവസ്ഥ എന്നറിയാൻ കാത്തിരിക്കുന്നു. എനിക്ക് ലെെംഗിക അതിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ അങ്ങനെ ഉണ്ടെന്ന് പറഞ്ഞ് ഒരാൾ വരുമ്പോൾ നമ്മൾ സത്യാവസ്ഥ പരിശോധിക്കണം.” വിൻസി അലോഷ്യസ് പറഞ്ഞു.

ഒരു വേതനം പറഞ്ഞുറപ്പിച്ചിട്ടായിരിക്കും സിനിമ തുടങ്ങുന്നത്. പലപ്പോഴും കോൺട്രാക്ട് ഇല്ലാതെ സിനിമ ചെയ്യേണ്ടി വരുന്നു. പറഞ്ഞുറപ്പിച്ച അഡ്വാൻസ് ഒക്കെ സിനിമ തുടങ്ങിയതിന് ശേഷമാകും ലഭിക്കുക. പറഞ്ഞ തുക എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ചോദിക്കുമ്പോൾ ഇന്ന സംവിധായകൻ്റെ സിനിമയാണ്, പെെസയുടെ കാര്യത്തിൽ എല്ലാവരും സഹകരിക്കണം, ഈ സംവിധായകൻ്റെ ചിത്രത്തിൽ അഭിനയിക്കണം എന്ന ആ​ഗ്രഹം കൊണ്ടാണ് എല്ലാവരും വരുന്നത് എന്നൊക്കെയാണ് പറയുന്നത്. നമ്മളുടെ ഉള്ളിൽ വിഷമങ്ങളുണ്ടാകും. ചോദിക്കുന്നത് ശരിയാണോ അല്ലയോ എന്നാണ് ചിന്ത. ഞാൻ പുതിയ ഒരാളാണ്. ഇങ്ങനെയാണ് അവർ പഠിപ്പിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നിട്ട് എല്ലാവരും ദുരനുഭവങ്ങൾ പറയുമ്പോഴാണ് നമ്മളും ആ അനീതിയ്ക്ക് കീഴിലാണെന്ന് തിരിച്ചറിയുന്നത്.