പാറശ്ശാല: ഓഫർ വിലയിൽ ബമ്പർ സമ്മാന ടിക്കറ്റ് നൽകാമെന്ന വാഗ്ദാനവുമായി വ്യാജ ലോട്ടറി ടിക്കറ്റ് സംഘം അതിർത്തിപ്രദേശത്ത് വ്യാപകം. മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ വ്യാജ പകർപ്പുമായാണ് തട്ടിപ്പ്. പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് തമിഴ്നാട് സ്വദേശിക്കാണെന്നും ഒൻപത് കോടി രൂപ നൽകിയാൽ കരിഞ്ചന്തയിൽ ടിക്കറ്റ് കൈമാറാമെന്ന വാഗ്ദാനവുമായാണ് സംഘം പലരെയും സമീപിച്ചത്. തെളിവായി ടിക്കറ്റിന്റെ ഫോട്ടോയും ഇവർ വാട്സാപ്പ് വഴി നൽകി.
ഭാഗ്യകേരളം ആപ്പിൽ നറുക്കെടുപ്പ് ഫലം പരിശോധിക്കുന്ന വീഡിയോയും തട്ടിപ്പ് സംഘം അയച്ചു. ഒറ്റ നോട്ടത്തിൽ യഥാർഥ ലോട്ടറി ടിക്കറ്റാണെന്ന് തോന്നുന്ന വ്യാജ ലോട്ടറിയുമായാണ് സംഘം ഇടനിലക്കാരെ സമീപിച്ചത്. യഥാർഥ ലോട്ടറി ടിക്കറ്റിൽ ഉള്ള എല്ലാ മുന്നറിയിപ്പുകളും അടയാളങ്ങളും ഇവർ അയച്ച വ്യാജ ലോട്ടറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരള സർക്കാർ എന്നതിന് പകരം കേരള ഡർക്കാർ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാട്സാപ്പ് വഴി അയച്ചു നൽകിയ ടിക്കറ്റിൽ ഈ ഒരു തെറ്റ് മാത്രമാണ് കണ്ടെത്തുവാനായത്. പ്രിന്റിങ്ങിലുണ്ടായ ഈ തെറ്റ് ഒറ്റനോട്ടത്തിൽ കണ്ടെത്തുവാൻ സാധിക്കാത്തതുമാണ്.
സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി ലോട്ടറി വകുപ്പ് ഏർപ്പെടുത്തിയ ക്യു.ആർ. കോഡ് പോലും വളരെ കൃത്യമായി വ്യാജ ലോട്ടറി ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ ലോട്ടറി ടിക്കറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനായി ലോട്ടറി വകുപ്പ് പുറത്തിറക്കിയ ഭാഗ്യകേരളം ആപ്പിലെ സാധുതാ പരിശോധനാ സംവിധാനത്തിൽ തട്ടിപ്പ് സംഘം വാട്സാപ്പ് വഴി നൽകിയ ടിക്കറ്റ് സ്കാൻ ചെയ്യുമ്പോൾ സമ്മാനാർഹമായ ടിക്കറ്റിന്റെ വിവരങ്ങളാണ് ലഭിക്കുന്നത്. നറുക്കെടുപ്പ് ഫലത്തിന്റെ വിഭാഗത്തിൽ ക്യു.ആർ. കോഡ് സ്കാൻ ചെയ്തപ്പോൾ കൈവശമുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതായുള്ള പരിശോധനാ ഫലവും ലഭിക്കുന്നു. സമ്മാനം അവകാശപ്പെടാനുള്ള ക്ലെയിം വിഭാഗത്തിൽ സ്കാൻ ചെയ്യുമ്പോൾ ടിക്കറ്റ് നേരത്തെ തന്നെ ക്ലെയിം ചെയ്തതായുള്ള സന്ദേശമാണ് ലഭിക്കുന്നത്.



