നാഗസാക്കി അണുബോംബ് സ്ഫോടനത്തിന്റെ 80-ാം വാർഷികത്തിൽ, ഉറകാമി കത്തീഡ്രലിന്റെ മണികൾ ഒരു നൂറ്റാണ്ടിനിടയിൽ ആദ്യമായി മുഴങ്ങും. നിലവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന ഉറകാമി കത്തീഡ്രലിൽ മണികൾ സംഭാവനയായി നൽകുന്നത് ബോംബ് രൂപകല്പന ചെയ്ത മാൻഹട്ടൻ പ്രൊജക്ടിൽ പങ്കെടുത്ത ഒരു വ്യക്തിയുടെ മകനാണ്. യു. എസ്. ധനസഹായത്തോടെയാണ് ഈ മണികൾ കത്തീഡ്രലിൽ സ്ഥാപിക്കപ്പെടുന്നത്.

അണുബോംബ് ആക്രമണത്തിൽ കത്തീഡ്രൽ ഏതാണ്ട് പൂർണ്ണമായും നശിച്ചിരുന്നു. സ്ഫോടനത്തിനുശേഷം മതിലുകൾ മാത്രമാണ് അവശേഷിച്ചിരുന്നത്. തെക്കൻ ഗോപുരത്തിന്റെ മണി, അവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയെങ്കിലും വടക്കൻ ഗോപുരത്തിൽനിന്നുള്ള മണി പൂർണ്ണമായും നശിച്ച നിലയിലായിരുന്നു. വൈകാതെ തെക്കൻ ഗോപുരത്തിന്റെ മണി പുനരുദ്ധരിക്കുകയും പിന്നീട് വിശ്വാസികൾക്കായി ദിവസത്തിൽ മൂന്നുപ്രാവശ്യം മണിമുഴക്കുകയും ചെയ്തുവന്നിരുന്നു. എന്നാലിപ്പോൾ, നാഗസാക്കിയിലെ കത്തോലിക്കാ അതിരൂപത പുനഃസ്ഥാപിച്ച വടക്കൻ ഗോപുരത്തിൽ പുതിയ മണി സ്ഥാപിക്കാനൊരുങ്ങുകയാണ്.

വില്യംസ് കോളേജിലെ സോഷ്യോളജി പ്രൊഫസറായ ജെയിംസ് നോളൻ ജൂനിയറാണ് പുതിയ മണി ദൈവാലയത്തിനു സമ്മാനിക്കുന്നത്. അദ്ദേഹത്തിന്റെ ഈ ശ്രമത്തിനുപിന്നിൽ യു. എസ്. കത്തോലിക്കരുടെ പിന്തുണയുമുണ്ട്. നോളന്റെ പിതാവ്, ജെയിംസ് നോളൻ സീനിയർ, അണുബോംബിന്റെ നിർമ്മാണത്തിൽ പങ്കുചേർന്നിരുന്നു. ആക്രമണത്തിനുശേഷം നാഗസാക്കി സന്ദർശിച്ച മകൻ ആ നാടിന്റെ ദുരവസ്ഥ പിതാവിനെ അറിയിച്ചു. ഒപ്പം ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിൽ എന്തെങ്കിലും ചെയ്യാൻ പ്രചോദിതനാകുകയും ചെയ്തു.

2020-ൽ, നോളൻ ജൂനിയർ നാഗസാക്കിയിലൂടെ സഞ്ചരിക്കുകയും അണുബോംബ് സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കുകയും ഡോക്ടർമാർ അഭിമുഖീകരിച്ച ധാർമ്മികവും വൈദ്യശാസ്ത്രപരവുമായ പ്രശ്നങ്ങളെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും ചെയ്തു.

തന്റെ നിരീക്ഷണഘട്ടത്തിലുടനീളം ജാപ്പനീസ് കത്തോലിക്കരുമായി അടുത്തിടപെടാൻ അദ്ദേഹത്തിനു കഴിഞ്ഞു. ആർച്ച്ബിഷപ്പ് മിച്ചാക്കി നകാമുറയോടൊപ്പം പ്രവർത്തിച്ച നോളൻ ജൂനിയറിന് കത്തീഡ്രലിന്റെ വടക്കൻ ഗോപുരത്തിന് അനുയോജ്യമായ ഒരു പുതിയ മണി കമ്മീഷൻ ചെയ്യാൻ കഴിഞ്ഞു. ഇതിന് 66 cm (2.1 ft) ഉയരവും 80 cm (2.6 ft) വ്യാസവും 340 kg (750 lbs) ഭാരവുമുണ്ടായിരുന്നു.