ഷംഷാബാദ് രൂപതയുടെ പുതിയ ബിഷപ്പായി മാർ ആന്റണി പ്രിൻസ് പാണേങ്ങാടൻ നിയമിതനായി. തൃശൂർ അതിരൂപതയിലെ അരിമ്പൂർ സെന്റ് ആന്റണീസ് ഇടവകയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മനക്കൊടി കിഴക്കുംപുറത്ത് പാണേങ്ങാടൻ ദേവസിയുടെയും കൊച്ചുത്രേസ്യയുടെയും രണ്ടാമത്തെ മകനായി 1976 മെയ് 13-ന് ഫാ. ആന്റണി പ്രിൻസ് ജനിച്ചു. ധർമ്മാരം വിദ്യാക്ഷേത്രം (1998-2001), കൽക്കട്ട സർവകലാശാല (2001-2003), ഇന്ത്യയിലെ ഉജ്ജയിനിലെ റൂഹാലയ മേജർ സെമിനാരി (2003-2007) എന്നിവയിലെ പഠനങ്ങൾക്കും ബിരുദത്തിനുംശേഷം അദിലാബാദ് രൂപതയ്ക്കുവേണ്ടി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 2007 ഏപ്രിൽ 25-നാണ് ബിഷപ്പ് മാർ ജോസഫ് കുന്നത്തിൽനിന്ന് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്.
പൗരോഹിത്യ സ്വീകരണത്തിനുശേഷം റോമിലെ ഉർബാനിയൻ സർവകലാശാലയിൽനിന്ന് ബൈബിൾ വിജ്ഞാനത്തിൽ ഡോക്ടറേറ്റ് നേടി. തിരികെയെത്തിയ അദ്ദേഹം അദിലാബാദ് രൂപത പ്രോട്ടോസിഞ്ചലൂസായും കത്തീഡ്രൽ വികാരിയായും സേവനം ചെയ്തു. 2015 ആഗസ്റ്റ് ആറിന് അദിലാബാദിലെ സീറോമലബാർ കത്തോലിക്കാ അതിരൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു. 2015 ഒക്ടോബർ 29-ന് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ കൈവെയ്പ്പിലൂടെ ബിഷപ്പായി ചുമതലയേറ്റു.
വിശ്വാസികൾക്കൊപ്പം അവരുടെ ആവശ്യങ്ങളിൽ ഇറങ്ങിച്ചെന്നുകൊണ്ട് വിനയത്തിന്റെ മാതൃകയാകാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. അഗ്നിബാധയിൽ വീട് നഷ്ടപ്പെട്ട തന്റെ വിശ്വാസികളിൽ ഒരാൾക്കുവേണ്ടി വീടുപണിയാൻ ഇറങ്ങുമ്പോഴും ഒരു ഗ്രോട്ടോ പണിയാൻ കല്ലും മണ്ണും ചുമക്കേണ്ടിവന്നപ്പോഴും അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങൾ ഒരിക്കലും ഒന്നിനും തടസ്സമായില്ല. ഇപ്പോഴും എളിമയുടെ മാതൃക സ്വന്തം ജീവിതത്തിലൂടെ പകരാൻ വിശ്വാസികളിലൊരാളായി നിലകൊള്ളാൻ ഈ ഇടയൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കൂടാതെ, മണിപ്പൂർ കലാപം നടന്ന നിമിഷങ്ങളിലും പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. മണിപ്പൂരിൽ സ്ത്രീകൾക്കുനേരെ നടന്ന ക്രൂരതകളിൽ നിശ്ശബ്ദത പുലർത്തിയ സർക്കാരിന്റെ നടപടികൾക്കെതിരെ തുറന്ന കത്തിലൂടെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു.



