സംവിധായകൻ വി.കെ.പ്രകാശിനെതിരെ യുവകഥാകാരിയുടെ പരാതിയിൽ കേസെടുത്തു. പരാതിക്കാരിയുടെ മൊഴിയെടുത്തതിനുപിന്നാലെയാണിത്. 354 എ വകുപ്പ് പ്രകാരമാണ് കേസ്. കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈം​ഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഈ സംഭവം പുറത്തുപറയാതിരിക്കാൻ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും അവർ പറഞ്ഞിരുന്നു.

വി.കെ. പ്രകാശ് തന്നെ ഉപദ്രവിച്ച കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘത്തിന് അവർ തിങ്കളാഴ്ച പരാതി നൽകിയിരുന്നു. തുടർന്ന് സംഘത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥ വ്യാഴാഴ്ച കൊല്ലത്തെത്തിയാണ് യുവതിയുടെ മൊഴിയെടുത്തത്. ഈ മൊഴിയിൽ സംവിധായകനെതിരെ ​ഗുരുതരമായ പരാമർശങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. മൊഴിയെടുപ്പ് പൂർത്തായ ഉടൻ പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 

2022 ൽ ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം. കഥ പറയാൻ ആവശ്യപ്പെട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വികെ പ്രകാശ് കടന്നുപിടിച്ചെന്നാണ് ഇവരുടെ പരാതി.