റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കൊല്ലം കരുവ അഞ്ചാലംമൂട് സ്വദേശിയായ അനൂപ് മോഹൻ, ഭാര്യ റെമിമോൾ വസന്തകുമാരി എന്നിവരെയാണ് അൽഖോബാറിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദമ്പതികളുടെ കൂടെയുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയായ മകളുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസെത്തി വാതിൽ പൊളിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
കുട്ടിയെ സാമൂഹ്യ പ്രവർത്തകനും ലോകകേരള സഭാംഗവുമായ നാസ് വക്കം ഏറ്റുവാങ്ങി മറ്റൊരു കുടുംബത്തിന്റെ കൂടെ താമസിപ്പിച്ചിരിക്കുകയാണിപ്പോൾ. കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതാണെന്നാണ് നിഗമനം. അഞ്ച് മാസം മുമ്പാണ് കുടുംബം സന്ദർശക വിസയിൽ സൗദിയിലെത്തിയത്. ഇരുവരുടെയും മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട തുടർ അന്വേഷണം പുരോഗമിക്കുന്നതായി നിയമനടപടികൾക്ക് നേതൃത്വം നൽകി വരുന്ന നാസ് വക്കം പറഞ്ഞു.



