ഹൂസ്റ്റൺ: അനീതിക്കും അഴിമതിക്കുമെതിരേ നിരന്തര പോരാട്ടം നടത്തുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ഹൂസ്റ്റൺ ചാപ്റ്ററിന്റെയും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഒരു മാറ്റം അനിവാര്യമാണ്. ആ മാറ്റം ഉണ്ടാക്കുന്നതിനു പ്രവാസികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണ ആവശ്യമാണ്. ഭരണകൂടം നടത്തുന്ന അഴിമതിക്കും അനീതിക്കും എതിരേ എന്നും പോരാടിയിട്ടുള്ള ചരിത്രമാണ് തനിക്കുള്ളത്.

അത് മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും നിർഭയനായി തെളിവുകളും നിരത്തി കൊണ്ട് അത് തുറന്നു പറയും. എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. അത് നിയമസഭയിലായാലും പുറത്താണെങ്കിലും എന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ച സമ്മേളനം ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് സമ്മേളനം തുടങ്ങിയത്.

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സഖറിയ കോശി ആമുഖ പ്രസംഗം നടത്തി. എസ്ഐയുസിസി ജനറൽ സെക്രട്ടറി ജിജി ഓലിയ്ക്കൻ സ്വാഗതം ആശംസിച്ചു.
സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ .പട്ടേൽ, എസ്ഐയുസിസി മുൻ പ്രസിഡന്റുമാരായ ജോർജ് കോളച്ചേരിൽ, ജോർജ് കാക്കനാട്ട്, ബോർഡ് അംഗം ചാക്കോ തോമസ്, ശശിധരൻ നായർ, പ്രവാസി കോൺഗ്രസ് നേതാവ് സാബു കൂവക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

ഒഐസിസി യുഎസ്എ റീജിയണൽ വൈസ് പ്രസിഡന്റ് ബാബു കൂടത്തിനാലിൽ നന്ദി അറിയിച്ചു. ഒഐസിസി യുഎസ്എ നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി എംസിയായി പ്രവർത്തിച്ച് പരിപാടികൾ നിയന്ത്രിച്ചു.



