പോലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം നടത്തിയെന്നാരോപിച്ച് ഒരു യുഎസ് പൗരനെ റഷ്യയിൽ തടവിലാക്കിയതായി റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“തിരിച്ചറിയൽ രേഖകൾ നൽകാൻ” വിസമ്മതിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 12-ന് രാത്രി മോസ്കോയിലെ ഒരു ഹോട്ടലിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തതായി ആണ് റഷ്യയുടെ അന്വേഷണ സമിതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഇൻ്റർഫാക്സ് ബുധനാഴ്ച വ്യക്തമാക്കിയത്.
അദ്ദേഹത്തിനെതിരെ ഒരു ക്രിമിനൽ കേസ് ചാർജ് ചെയ്തിട്ടുണ്ട് എന്നും ഇത് കൂടാതെ അയാൾക്ക് അഞ്ച് വർഷം വരെ തടവ് ലഭിക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം റഷ്യയിൽ യുഎസ് പൗരന്മാർക്കെതിരെ ആരംഭിച്ച ക്രിമിനൽ കേസുകളുടെ എണ്ണം സമീപ വർഷങ്ങളിൽ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.
ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട യുഎസ് റിപ്പോർട്ടർ ഇവാൻ ഗെർഷ്കോവിച്ച്, മുൻ യുഎസ് നാവികൻ പോൾ വീലൻ എന്നിവരുൾപ്പെടെ ഉള്ളവരിൽ ചിലർ ഓഗസ്റ്റ് ആദ്യം ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റത്തിൽ മോചിതരായിരുന്നു. ശീതയുദ്ധത്തിനുശേഷം, ഏഴ് വ്യത്യസ്ത രാജ്യങ്ങളിലായി തടവിലാക്കപ്പെട്ട 24 പേരെ കൈമാറ്റം ചെയ്തിരുന്നു.
അതേസമയം ഇപ്പോഴത്തെ സംഭവത്തിൽ യുഎസ് പൗരൻ അറസ്റ്റിലാകാൻ കാരണം “ആക്രമണാത്മകമായി പെരുമാറുകയും മോശമായ ഭാഷ ഉപയോഗിക്കുകയും അയാളുടെ ഗുണ്ടായിസം കാരണവും” ആണ് എന്നാണ് മോസ്കോ റീജിയൻ ആഭ്യന്തര മന്ത്രാലയ വക്താവ് വ്ളാഡിമിർ വസെനിൻ പ്രതികരിച്ചത്.
മോസ്കോയിലെ റാഡിസൺ ഹോട്ടലിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടിൽ പേരില്ലാത്ത ഇയാൾക്കെതിരെ കുറ്റം ചുമത്തുമെന്നും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
“അമേരിക്കൻ പൗരൻ റഷ്യയിൽ അറസ്റ്റിലാകുന്നതിനെക്കുറിച്ച് അറിയാമായിരുന്നു, ഞങ്ങൾക്ക് കഴിയുന്നത്ര വിവരങ്ങൾ ലഭിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു” എന്നാണ് സംഭവത്തിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ബുധനാഴ്ച പ്രതികരിച്ചത്.



