ഡിട്രോയിറ്റ്: പ്രവാസി സംഘടനയായ ഫോമായുടെ 2024-2026 വർഷത്തേക്കുള്ള അഡ്വൈസറി കൗൺസിൽ സെക്രട്ടറിയായി സൈജൻ കണിയൊടിക്കൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലോക പ്രശസ്തമായ പുൻറക്കാനയിൽ ബാർസലോ ബവാരോ പാലസ് ഫൈവ്സ്റ്റാർ റിസോർട്ടിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. നോർത്ത് അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ചു കിടക്കുന്ന 12 റീജിയണുകളിലായി 84ൽ പരം അംഗസംഘടനകളാണ് ഫോമാക്കു കീഴിലുള്ളത്.
കേരളത്തിൽ ആലുവ സ്വദേശിയായ സൈജൻ 2007ലാണ് മിഷിഗണിലെ ഡിട്രോയിറ്റിലേക്ക് കുടുംബസമേതം ചേക്കേറിയത്. ഏറെ വൈകാതെ തന്നെ ഡിട്രോയിറ്റ് മലയാളി അസോസിയേഷനിലൂടെ തന്റെ സാന്നിധ്യമറിയിച്ച അദ്ദേഹം ഇന്ന് അമേരിക്കൻ മലയാളികൾക്കിടയിൽ ഏറെ സുപരിചിതനാണ്.
കലാസാംസ്കാരിക സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സൈജൻ, വിദേശ മലയാളികൾക്കിടയിൽ ഏറെ പ്രചാരമുള്ള, ഫോമായുടെ സാഹിത്യ മാസികയായ “അക്ഷരകേരളത്തിന്റെ’ മാനേജിംഗ് എഡിറ്ററായി നിലവിൽ സേവനം ചെയ്യുന്നു.
2020ൽ അദ്ദേഹം തന്നെയാണ് ഇങ്ങനെയൊരു ആശയം ഫോമയിൽ കൊണ്ടുവരുന്നതും അതേ വർഷം നവംബർ ഒന്നിന് മാഗസിൻ നിലവിൽ വരുന്നതും. അതു കൂടാതെ ഡിഎംഎയുടെ “ധ്വനി’ മാഗസിന്റെ ചീഫ് എഡിറ്റർ കൂടിയാണ്.
അറിയപ്പെടുന്ന ഒരു കലാകാരൻ കൂടിയായ ശ്രീ സൈജൻ കണിയൊടിക്കൽ വ്യത്യസ്ഥങ്ങളായ പല നാടകങ്ങളും രചിച്ച്, സംവിധാനം ചെയ്ത് അമേരിക്കൻ മലയാളികളുടെ മുന്നിലെത്തിച്ചിട്ടുണ്ട്. ഫോമാ ഇന്റർനാഷണൽ നാടകമത്സരങ്ങളിൽ 2020ൽ മികച്ച ജനപ്രിയനാടകം, 2022ൽ മികച്ച നാടകം തുടങ്ങി പല പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.
2008ൽ ഡിട്രോയിറ്റ് മലയാളി അസോസിയേഷനിലൂടെ അമേരിക്കയിൽ പ്രവർത്തനമാരംഭിച്ച് പല സ്ഥാനങ്ങളും വഹിച്ച സൈജൻ 2016ൽ ഡിഎംഎ പ്രസിഡന്റായിരുന്നു. ഇപ്പോൾ ബോർഡ് ഓഫ് ട്രസ്റ്റ് സെക്രട്ടറിയാണ്. കൂടാതെ രണ്ടുവട്ടം ഡിട്രോയിറ്റ് സെന്റ് തോമസ് സീറോമലബാർ ചർച്ച് ട്രസ്റ്റിയായിരുന്ന ഇദ്ദേഹം ഇപ്പോൾ ഷിക്കാഗോ രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമാണ്.
അമേരിക്കൻ മലയാളികൾ തന്നിലർപ്പിച്ച വിശ്വാസം അണുവിട തെറ്റാതെ കാത്തു സൂക്ഷിക്കുമെന്ന് സൈജൻ കണിയൊടിക്കൽ അറിയിച്ചു. സൈജൻ രജിസ്ട്രേഡ് നഴ്സായ ഭാര്യ മിനിയോടും മക്കളായ എലൈൻ റോസ്, ആരൺ ജോ എന്നിവരോടുമൊപ്പം മിഷിഗണിലെ വിക്സത്തിൽ താമസിക്കുന്നു.



