ജൂലൈ 30 ന് ഉണ്ടായ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 400ലധികം പേർ മരിച്ച പാരിസ്ഥിതികമായി ദുർബലമായ വയനാട് ജില്ലയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച എറണാകുളം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിലും കോഴിക്കോട്ടും വയനാട്ടിലും ശക്തമായ മഴയ്ക്കോ (24 മണിക്കൂറിൽ 7 സെൻ്റീമീറ്റർ മുതൽ 11 സെൻ്റീമീറ്റർ വരെ) അല്ലെങ്കിൽ അതിശക്തമായ മഴയ്ക്കോ  (24 മണിക്കൂറിൽ 12 സെൻ്റീമീറ്റർ മുതൽ 20 സെൻ്റീമീറ്റർ വരെ)  സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ (12 സെൻ്റീമീറ്റർ മുതൽ 20 സെൻ്റീമീറ്റർ വരെ) മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധനാഴ്ച അതി തീവ്രമഴ (24 മണിക്കൂറിൽ 20 സെൻ്റിമീറ്ററിൽ കൂടുതൽ) ലഭിക്കാൻ സാധ്യതയുള്ളതിനാൽ  ലക്ഷദ്വീപിൽ ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.