ദില്ലി:  ഇന്ത്യയിൽ ലഭിക്കുന്ന പഞ്ചസാരയിലും ഉപ്പിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് പഠനം. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്സിക് ലിങ്ക് ആണ് പഠനം നടത്തിയത്. 

ചെറുതും വലുതുമായ എല്ലാ ബ്രാൻഡുകളുടെയും പഞ്ചസാരയിലും ഉപ്പിലും മൈ​ക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.   

നാരുകൾ, ഉരുളകൾ,   ശകലങ്ങൾ എന്നിവയുടെ രൂപത്തിലാണ് ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു. 0.1 എം.എം മുതൽ 5 എം.എം വരെയാണ് ഈ മൈക്രോപ്ലാസ്റ്റിക്കുകളുടെ വലിപ്പം. അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവുമധികം മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത്. ഇവയിൽ വിവിധ നിറത്തിലുള്ള നേരിയ നാരുകളുടെയും പടലങ്ങളുടെയും രൂപത്തിലാണ് മൈക്രോപ്ലാസ്റ്റിക്കുള്ളത്.  

 ടേബിൾ ഉപ്പ്, പാറ ഉപ്പ്, കടൽ ഉപ്പ്, പ്രാദേശിക അസംസ്കൃത ഉപ്പ് തുടങ്ങിയ 10 വ്യത്യസ്തമായ ഉപ്പും അഞ്ച് തരത്തിലുള്ള പഞ്ചാസരയുമാണ് പരിശോധിച്ചത്.  

 മൈക്രോപ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ഡാറ്റാബേസിലേക്ക് വിവരങ്ങൾ നൽകുക എന്നതായിരുന്നു തങ്ങളുടെ പഠനലക്ഷ്യമെന്ന് ടോക്സിക് ലിങ്ക് സ്ഥാപകനും ഡയറക്ടറുമായ രവി അഗർവാൾ പറഞ്ഞു. ഇതുവഴി ആഗോള പ്ലാസ്റ്റിക് പ്രശ്നങ്ങൾക്ക് പരിഹരമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യശരീരത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ ദീർഘകാല ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച് അടിയന്തിരവും സമഗ്രവുമായ പഠനം ആവശ്യമുണ്ടെന്ന് അസോസിയേറ്റ് ഡയറക്ടർ സതീഷ് സിൻഹ വ്യക്തമാക്കി.