ബെംഗളൂരു: അയോധ്യയില്‍ പുതുതായി നിര്‍മിച്ച രാമക്ഷേത്രത്തില്‍ സ്ഥാപിച്ച രാംലല്ല വിഗ്രഹം കൊത്തിയ പ്രശസ്ത ശില്‍പി അരുണ്‍ യോഗിരാജിന് വിസ നിഷേധിച്ച് യഎസ്. വിര്‍ജീനിയയില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അരുണ്‍ വിസയ്ക്ക് അപേക്ഷിച്ചത്. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ നടക്കാനിരിക്കുന്ന 12-ാമത് എകെകെഎ വേള്‍ഡ് കന്നഡ കോണ്‍ഫറന്‍സില്‍ (ഡബ്ല്യുകെസി-2024) അരുണ്‍ യോഗിരാജ് പങ്കെടുക്കേണ്ടതായിരുന്നു.

ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ചെയ്തിരുന്നെന്ന് അരുണ്‍ യോഗിരാജിന്റെ കുടുംബം വ്യക്തമാക്കി. അരുണിന്റെ ഭാര്യ വിജയേത മുമ്പ് പ്രശ്നങ്ങളൊന്നുമില്ലാതെ യുഎസിലേക്ക് പോയതിനാല്‍ ഇപ്പോഴത്തെ വിസ നിഷേധം ആശ്ചര്യകരമാണെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

”എന്തുകൊണ്ടാണ് വിസ നിരസിക്കപ്പെട്ടതെന്ന് എനിക്കറിയില്ല, പക്ഷേ വിസയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഞങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്,” യോഗിരാജ്  പറഞ്ഞു.

കന്നഡ സമ്മേളനത്തില്‍ പങ്കെടുക്കുക എന്നതു മാത്രമായിരുന്നു യാത്രയുടെ ഉദ്ദേശമെന്നും പരിപാടി കഴിഞ്ഞ് ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങാനാണ് ദമ്പതികള്‍ ഉദ്ദേശിച്ചിരുന്നതെന്നും കുടുംബം പറയുന്നു.