രാവിലെ ഏഴ് മുതല്‍ ചാലിയാറില്‍ വിവിധ സെക്ടറുകളായി തിരിച്ചുള്ള വിശദമായ പരിശോധന നടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രിസഭാ ഉപസമിതി അംഗം പി.എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഓരോ മേഖലകളിലും വിവിധ ഏജന്‍സികളില്‍ നിന്ന് നിശ്ചിത എണ്ണം സന്നദ്ധപ്രവര്‍ത്തകരെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. മുണ്ടേരി ഫാം-പരപ്പന്‍ പാറയില്‍ 60 അംഗ സംഘവും പാണംകായം വനമേഖലയിലെ തിരച്ചിലില്‍ 50 അംഗ സംഘവും പരിശോധന നടത്തും. പൂക്കോട്ട്മല മേഖലയിലും തിരച്ചില്‍ തുടരുമെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൃതദേഹങ്ങളുടെ ഡിഎന്‍എ ഫലം ലഭിച്ചു തുടങ്ങിയെന്നും നാളെ മുതല്‍ അവ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ദുരന്തത്തില്‍ 229 പേരുടെ മരണമാണ് ഔദ്യോഗിക കണക്കില്‍ സ്ഥിരീകരിച്ചത്. 178 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 51 മൃതദേഹവും 200 ഓളം ശരീര ഭാഗങ്ങളും തിരിച്ചറിഞ്ഞില്ല. കാണാതായവരുടെ കരട് പട്ടികയില്‍ ഇപ്പോള്‍ 130 പേരാണ് ഉള്ളത്. 90 പേരുടെ ഡിഎന്‍എ ക്യാമ്ബില്‍ നിന്ന് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.